റെജൈന : പുതുവർഷത്തിൽ സസ്‌കാച്വാനിൽ താപനില ഉയരുമെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. തെക്കൻ പ്രവിശ്യകളിൽ അടുത്ത ആഴ്ചയോടെ താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തും. പസഫിക് മേഖലയിൽ നിന്നുള്ള ഉഷ്ണവാതം എത്തുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. സാധാരണയായി ജനുവരിയിൽ അനുഭവപ്പെടാറുള്ള മൈനസ് 11 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ ഉയർന്ന താപനിലയാകും അടുത്ത ആഴ്ച ഉണ്ടാവുക.

താപനില വർധിക്കുന്നതിനൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു. മഞ്ഞ് ഉരുകുന്നതും രാത്രിയിൽ വീണ്ടും തണുത്തുറയുന്നതും റോഡുകളിൽ വഴുക്കലുണ്ടാകാൻ കാരണമാകുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകയായ ഡാനിയേൽ ഡെസ്ജാർഡിൻസ് മുന്നറിയിപ്പ് നൽകി. വടക്കൻ, മധ്യ സസ്‌കാച്വാനിൽ താപനില സാധാരണ നിലയിൽ തുടരുമെങ്കിലും അടുത്ത വാരാന്ത്യത്തോടെ വീണ്ടും തണുപ്പ് വർധിക്കാനാണ് സാധ്യത.
