വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഇലക്ഷൻ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചതായി അറിയിച്ചു. പ്രവിശ്യയെ നയിക്കാൻ പുതിയൊരു നേതൃത്വം അത്യന്താപേക്ഷിതമാണെന്ന് കമ്മിറ്റി ചെയർമാൻ സ്കോട്ട് ലാംബ് പറഞ്ഞു.നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മിറ്റി ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ മുൻ പ്രസിഡന്റും അഭിഭാഷകനുമായ സ്കോട്ട് ലാംബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ പ്രമുഖരായ പാർട്ടി പ്രവർത്തകരാണ് അംഗങ്ങളായിട്ടുള്ളത്. ബി സി കൺസർവേറ്റീവ് പ്രസിഡന്റ് ഐഷ എസ്റ്റെ, സ്കീന എം.എൽ.എ ക്ലെയർ റാറ്റി എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ 2021-ലെ നേതൃതിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസറായി സേവനമനുഷ്ഠിച്ച ഡോൺ നൈറ്റിങേലും സമിതിയിലുണ്ട്.
മുൻ നേതാവ് ജോൺ റസ്റ്റാഡ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നേതൃത്വ തിരഞ്ഞെടുപ്പ്. ഒരു മാസം മുമ്പ് പാർട്ടി എം.എൽ.എമാർക്കിടയിൽ ഉണ്ടായ ഭിന്നതയെത്തുടർന്ന് ഡിസംബർ 4-നാണ് റസ്റ്റാഡ് രാജിവെച്ചത്. പാർട്ടി അംഗങ്ങളിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ട റസ്റ്റാഡ്, രാജി ആവശ്യങ്ങൾ ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്ഥാനം ഒഴിയുകയായിരുന്നു. ജോൺ റസ്റ്റാഡിന്റെ രാജിയെത്തുടർന്ന് ട്രെവർ ഹാൾഫോർഡിനെ പാർട്ടിയുടെ ഇടക്കാല നേതാവായി തിരഞ്ഞെടുത്തിരുന്നു.
