ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിന്റെ വടക്കുപടിഞ്ഞാറൻ, മധ്യ മേഖലകളിൽ അതിശൈത്യം തുടരുമെന്ന മുന്നറിയിപ്പുമായി എൻവയൺമെന്റ് കാനഡ. ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ അതിശൈത്യം തുടരുന്ന സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം അന്തരീക്ഷ താപനില മൈനസ് 35 ഡിഗ്രി സെൽഷ്യസിന് താഴെ അനുഭവപ്പെട്ടേക്കാം. എന്നാൽ ചൊവ്വാഴ്ച പകൽ സമയത്തോടെ താപനിലയിൽ നേരിയ വർധന ഉണ്ടാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമിതമായ തണുപ്പ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ‘കോൾഡ് വാണിങ്’ (Cold Warning) എൻവയോൺമെന്റ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈപ്പോതെർമിയ (Hypothermia), ഫ്രോസ്റ്റ് ബൈറ്റ് (Frostbite) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് നിലവിലെ കാലാവസ്ഥ കാരണമായേക്കാം. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഔട്ട്‌ഡോർ ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. കാറ്റിനെ പ്രതിരോധിക്കുന്ന തരം വസ്ത്രങ്ങൾക്ക് മുൻഗണന നൽകണം. യാത്രക്കാർ വാഹനങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സാമഗ്രികൾ കരുതേണ്ടതാണ്. മനുഷ്യർക്ക് പുറത്തിറങ്ങാൻ കഴിയാത്ത തണുപ്പുള്ള സാഹചര്യങ്ങളിൽ വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി വീടിനുള്ളിൽ തന്നെ നിർത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
