വൻകൂവർ: ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വൻകൂവറിൽ പ്രതിഷേധം നടത്തി ഇറാനിയൻ-കനേഡിയൻ വംശജർ. വൻകൂവർ ആർട്ട് ഗാലറിക്ക് മുന്നിലായിരുന്നു പ്രതിഷേധ പരിപാടി. 2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് സമരക്കാർ വ്യക്തമാക്കി.
ഇറാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാധനങ്ങളുടെ വിലക്കയറ്റവുമാണ് പ്രതിഷേധത്തിന് കാരണം. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നതിലും ഇറാനിയൻ കറൻസിയുടെ മൂല്യം ഇടിയുന്നതിലും ജനങ്ങൾ വലിയ രോഷത്തിലാണ്. ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാൽ ഈ പ്രതിഷേധം രാജ്യത്ത് വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് വൻകൂവറിലെ പ്രതിഷേധക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, പ്രതിഷേധക്കാരെ അടിച്ചമർത്തുമെന്ന് ഇറാന്റെ പരമാധികാരിയായ ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. നിലവിലെ സംഘർഷങ്ങളിൽ ഇതിനോടകം 10 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഭരണകൂട മാറ്റം ആവശ്യപ്പെട്ട് പോരാടുന്ന സാധാരണക്കാർക്ക് ധൈര്യം പകരാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സമരക്കാർ വ്യക്തമാക്കി.
