ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തടവിലാക്കിയ ട്രംപ് ഭരണകൂടത്തിൻ്റെ നടപടിയിൽ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. പരമാധികാര രാഷ്ട്രത്തിനു നേരെ ഏകപക്ഷീയ സൈനിക നടപടിയുണ്ടായത് യുദ്ധസമാനമാണെന്നും യു.എസിലെ നിയമത്തിൻറെയും അന്താരാഷ്ട്ര നിയമത്തിൻറെയും ലംഘനമാണിതെന്നും മംദാനി എക്സിൽ കുറിച്ചു. ഭരണമാറ്റത്തിനുള്ള ശ്രമമാണ് ട്രംപിൻ്റെ ഏകപക്ഷീയ നടപടി. ഇതിന്റെ അനന്തരഫലങ്ങൾ വെനിസ്വേലയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കും. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാർ ഉൾപ്പെടെ ന്യൂയോർക്ക് നിവാസികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നതെന്നും മംദാനി മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ ഏറ്റവും വലിയ വെനസ്വേലൻ സമൂഹം ന്യൂയോർക്കിലാണുള്ളത്. മഡുറോയെ യു.എസ് സൈന്യം പിടികൂടിയത് കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വെനസ്വേലയിൽ നിന്നുള്ളവർക്കിടയിൽ ഭയവും അനിശ്ചിതത്വവും വർധിപ്പിക്കും.

തന്റെ ഭരണകൂടത്തിന്റെ പ്രാഥമിക പരിഗണന പൊതുജന സുരക്ഷയാണ്. നഗരത്തിലെ സുരക്ഷ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യാനുസരണം മാർഗനിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സൈന്യം പിടികൂടിയ മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിൽ എത്തിച്ചു. ഇരുവർക്കുമെതിരെ മയക്കുമരുന്ന്-ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഡെൽറ്റ ഫോഴ്‌സ് ശനിയാഴ്ച പുലർച്ചെ നടത്തിയ വൻ സൈനിക ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്. മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിലാണ് വെനസ്വേലയിൽ യു.എസ് സൈന്യം ഇരച്ചുകയറിയത്.
