വിനിപെഗ് : മാനിറ്റോബയിലെ ഗോതമ്പ് പാടങ്ങൾ വിളമാറ്റത്തിന്റെ പാതയിൽ. കൃഷിയുടെ ചെലവ് വർധിച്ചതും ലാഭം കുറഞ്ഞതും മൂലം ഈ വർഷം ഗോതമ്പിന് പകരം ചോളം, സോയാബീൻ തുടങ്ങിയ ഇതര വിളകളിലേക്ക് മാറാനാണ് പ്രവിശ്യയിലെ കർഷകരുടെ തീരുമാനം. കഴിഞ്ഞ ആറ് വർഷമായി ഗോതമ്പ് കൃഷി ചെയ്തിരുന്ന കർഷകർ പോലും ഇത്തവണ ചോളത്തിന് മുൻഗണന നൽകുന്നു. വിത്ത്, വളം എന്നിവയുടെ വില കുതിച്ചുയർന്നപ്പോൾ ഗോതമ്പിന്റെ വിപണി വിലയിൽ മാറ്റമില്ലാത്തതാണ് കർഷകരെ വിളമാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

ചോളം, സൂര്യകാന്തി തുടങ്ങിയ വിളകൾക്ക് പ്രത്യേക വിളവെടുപ്പ് യന്ത്രങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ആവശ്യമാണെങ്കിലും ഭാവിയിലെ ലാഭം കണക്കിലെടുത്ത് ഈ നിക്ഷേപത്തിന് കർഷകർ തയ്യാറെടുക്കുകയാണ്. നിലവിൽ ചോളം വിത്തുകൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളും വെല്ലുവിളിയാണെങ്കിലും, വൈവിധ്യമാർന്ന വിളകൾ പരീക്ഷിക്കുന്നതിലൂടെ 2026-ൽ മികച്ച ലാഭം കൊയ്യാമെന്ന ശുഭപ്രതീക്ഷയിലാണ് മാനിറ്റോബയിലെ കർഷക സമൂഹം.
