ന്യൂയോർക്ക്: അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് (MDC) മാറ്റി. ശനിയാഴ്ച അമേരിക്കയിലെ സൈനിക താവളത്തിൽ എത്തിച്ച മഡുറോയെ, ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ഓഫീസിൽ ഹാജരാക്കി കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ജയിലിലേക്ക് കൊണ്ടുപോയത്. ഇതിനിടെ കൈവിലങ്ങണിഞ്ഞ നിലയിൽ ന്യൂയോർക്കിലെ വിമാനത്താവളത്തിൽ മഡുറോയെ ഇറക്കുന്നതിന്റെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ന്യൂയോർക്കിലെ സ്റ്റുവാർട്ട് എയർപോർട്ടിൽ ഹെലികോപ്റ്ററിൽ നിന്നിറങ്ങുന്ന മഡുറോയെ യുഎസ് ഉദ്യോഗസ്ഥർ കൊണ്ടു വരുന്നതാണ് വീഡിയോയിലുള്ളത്. കറുത്ത ഹൂഡി ധരിച്ച മഡൂറോ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മാൻഹാട്ടനിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെത്തിച്ച മഡുറോ അവിടെ വെച്ച് ഉദ്യോഗസ്ഥർക്ക് ഹാപ്പി ന്യൂയർ ആശംസയും ഗുഡ്‌നൈറ്റും നേർന്നതായും റിപ്പോർട്ടുകളുണ്ട്.

നാർക്കോ-ടെററിസം ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച മാൻഹാട്ടനിലെ ഫെഡറൽ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും. ഒരു സ്വേച്ഛാധിപതിയുടെ ഭരണം അവസാനിച്ചു എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. മഡൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 50 മില്യൺ ഡോളർ (ഏകദേശം 416 കോടി രൂപ) പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം മഡുറോയുടെ അറസ്റ്റിനെ തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയും ചൈനയും അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു. ഹോളിവുഡ് താരം പി ഡിഡ്ഡി, ലൈംഗിക കുറ്റവാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖരെ പാർപ്പിച്ചിട്ടുള്ള കനത്ത സുരക്ഷയുള്ള ഈ ജയിൽ ലോകശ്രദ്ധയാകർഷിച്ച കുറ്റവാളികളെ പാർപ്പിക്കുന്നതിന് പേരുകേട്ടതാണ്.
