കിച്ചനർ: വാട്ടർലൂ റീജിനലിലെ പ്രധാന ട്രാൻസിറ്റ് ഹബ്ബ് നിർമ്മാണത്തിനായി കിച്ചനർ 100 വിക്ടോറിയ സ്ട്രീറ്റിലെ താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലിയിൽ മാറ്റം. കിച്ചനർ സെൻട്രൽ ട്രാൻസിറ്റ് ഹബ്ബിന്റെ പ്രവൃത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി താമസക്കാരെ ഒഴിപ്പിക്കുന്ന തീയതി നീട്ടുന്നതിനും അവർക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ റീജിനൽ കൗൺസിൽ പരിഗണിക്കും.
പുതുക്കിയ നിയമപ്രകാരം, സ്ഥലം ഏറ്റെടുക്കുന്ന തീയതി ഏപ്രിൽ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസിന് മുന്നിലുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് ഈ തീരുമാനം. ഫെബ്രുവരിയിൽ കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നും. കൂടാതെ, താമസക്കാരെ ഒഴിപ്പിക്കാൻ ട്രെസ്പാസ് നിയമം (Trespass to Property Act) ഉപയോഗിക്കുന്നതും അവർക്ക് 5,000 ഡോളർ വരെ പിഴ ചുമത്തുന്നതുമായ വ്യവസ്ഥകൾ ഒഴിവാക്കാനും ശുപാർശയുണ്ട്.

ഒഴിപ്പിക്കപ്പെടുന്നവർക്ക് പാർപ്പിടം ഉറപ്പാക്കുന്നതിനുള്ള രേഖാമൂലമുള്ള വാഗ്ദാനം ഈ മാറ്റങ്ങളിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 16-ന് മുമ്പ് അവിടെ താമസിച്ചിരുന്നവർക്ക് താമസസ്ഥലം, സാമൂഹിക സേവന പിന്തുണകൾ, ഗതാഗത സൗകര്യം, ആറ് മാസത്തെ സ്റ്റോറേജ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിനുശേഷം അവിടെ എത്തിയവർക്കും ഉചിതമായ പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയവ റീജിയൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഈ മാറ്റങ്ങൾ ഔദ്യോഗികമായി ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
