മൺട്രിയോൾ : അതിശൈത്യത്തെ മറികടന്ന് യുഎസിൽ നിന്നും കാനഡയിലേക്ക് അനധികൃത കുടിയേറ്റം തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച മോണ്ടെറെഗി മേഖലയിലെ ഹെമ്മിങ്ഫോർഡിന് സമീപം എട്ട് കുടിയേറ്റക്കാർ അനധികൃതമായി കാനഡയിലേക്ക് കടന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) റിപ്പോർട്ട് ചെയ്തു. കടുത്ത ശൈത്യത്തിന്‍റെ അപകടസാധ്യതയെ മറികടന്നാണ് ആളുകൾ യുഎസ്-കാനഡ അതിർത്തി കടന്നെത്തുന്നത്. ഡിസംബർ 25 ന്, മോണ്ടെറെഗി മേഖലയിലെ ഹാവ്‌ലോക്കിന് സമീപം 19 ഹെയ്തി കുടിയേറ്റക്കാരെ പിടികൂടിയിരുന്നു. ഒരു വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ പലർക്കും കടുത്ത മഞ്ഞുവീഴ്ചയിൽ പരുക്കേറ്റിരുന്നതായി RCMP പറയുന്നു. ശൈത്യകാലത്ത് അതിർത്തി കടക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎസ് നടപ്പിലാക്കിയ കർശന കുടിയേറ്റ നയത്തെ തുടർന്നാണ് കാനഡയിലേക്ക് അനധികൃത കുടിയേറ്റം തുടർക്കഥയാകുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഫോർ പീപ്പിൾ വിത്തൗട്ട് സ്റ്റാറ്റസ് വക്താവ് ഫ്രാൻസ് ആൻഡ്രേ പറയുന്നു. കൂടുതൽ അനധികൃത കുടിയേറ്റക്കാർ പിടിക്കപ്പെടാതെ കാനഡയിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 3-ന് യുഎസ് ഹെയ്തി പൗരന്മാരുടെ താൽക്കാലിക സംരക്ഷിത പദവി അവസാനിപ്പിച്ചതോടെ നിരവധി ഹെയ്തിക്കാരാണ് മറ്റു രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറുന്നത്. പ്രോഗ്രാം അവസാനിപ്പിക്കുന്നത് നിലവിൽ യുഎസിൽ താമസിക്കുന്ന 350,000 ഹെയ്തിക്കാരെ ബാധിക്കും.
