അബുദാബി: അബുദാബി – ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം (8) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
സംഭവസ്ഥലത്ത് തന്നെ ഇന്നലെ മരിച്ച കുട്ടികളായ അഷാസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരുടെ കബറടക്കം പിന്നീട്. അപകടത്തിൽ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ (48) യും മരിച്ചിരുന്നു. ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ഗുരുതര പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മകള്‍ ഇസ്സയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ആരോഗ്യനില മെച്ചപ്പെട്ടു. റുക്സാനയ്ക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ നടത്തി. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവൽ സന്ദർശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. ഞായർ പുലർച്ചെയാണ് ഗൾഫിലെ ഇന്ത്യൻ സമൂഹത്തെ ആകെ ഞെട്ടിപ്പിച്ച അപകടം.
