മൺട്രിയോൾ: പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിൽ മൺട്രിയോളിലെ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിൽ. നഗരത്തിലെ പല ആശുപത്രികളിലും എമർജൻസി വിഭാഗത്തിൽ തിരക്കേറുന്നു. റോയൽ വിക്ടോറിയ ആശുപത്രിയിലെ ഒക്യുപൻസി നിരക്ക് 252 ശതമാനവും മൺട്രിയോൾ ജനറൽ ആശുപത്രിയിലെ ഒക്യുപൻസി നിരക്ക് 194 ശതമാനവുമാണ്.പ്രവിശ്യ ഈ വർധന മുൻകൂട്ടി കണ്ടിരുന്നുവെന്നും അതിനാൽ തിരക്ക് കുറയ്ക്കുന്നതിനായി അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ എമർജൻസി വിഭാഗങ്ങളെ ആശ്രയിക്കാതെ ‘ഇൻഫോ-സാന്റെ 8-1-1’ (Info-Santé 8-1-1) എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ജനങ്ങൾ ബന്ധപ്പെടണമെന്ന് കെബെക്ക് ഹെൽത്ത് പറയുന്നു.

ഹെൽപ്പ് ലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രതിദിനം 6,200 കോളുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 7,400 കോളുകളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ഹെൽപ്പ് ലൈനിലും വലിയ കാത്തിരിപ്പ് സമയം അനുഭവപ്പെടുന്നുണ്ട്. പനി, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക ലൈനിൽ ശരാശരി ഒരു മണിക്കൂർ 32 മിനിറ്റും കുട്ടികൾക്കായുള്ള വിഭാഗത്തിൽ ഒരു മണിക്കൂർ 28 മിനിറ്റുമാണ് കാത്തിരിക്കേണ്ടി വരുന്നത്. പൊതു വിഭാഗത്തിൽ ഇത് രണ്ടര മണിക്കൂർ വരെ നീണ്ടുനിൽക്കും.
