കാലിഫോർണിയ : അതിശക്തമായ മഴയും കനത്ത വേലിയേറ്റവും മൂലം കാലിഫോർണിയയിലെ പല മേഖലകളും വെള്ളപ്പൊക്ക ഭീഷണിയില്‍. ഈ മേഖലകളില്‍ അധികൃതര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പെരുമഴയിലും വെള്ളപ്പൊക്കത്തിലും കാലിഫോര്‍ണിയയിലെ പ്രധാന ഹൈവേകളിലെല്ലാം ചെളി അടിഞ്ഞുകൂടി. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റോഡുഗതാഗതം താറുമാറായി.

അഞ്ച് വടക്കന്‍ കൗണ്ടികള്‍ വെള്ളപ്പൊക്ക നിരീക്ഷണത്തിലാണ്. ഈ മേഖലകളില്‍ തിങ്കളാഴ്ച രാത്രി വരെ 7.6 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് യുറേക്കയിലെ ദേശീയ കാലാവസ്ഥാ സേവന ഓഫീസ് റിപ്പോർട്ട് ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയ്ക്ക് സമീപം കനത്ത മഴയില്‍ സൗസാലിറ്റോ മുതല്‍ സാന്‍ റാഫേല്‍ വരെയുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. മാരിന്‍, സൊനോമ, അലമേഡ, സാന്‍ മാറ്റിയോ, സാന്‍ ഫ്രാന്‍സിസ്‌കോ കൗണ്ടികളിലും വെള്ളപ്പൊക്കമുണ്ടായി. സാന്താ ബാര്‍ബറ കൗണ്ടിയില്‍ തുടര്‍ച്ചയായ മണ്ണിടിച്ചില്‍ കാരണം ഗോലെറ്റയ്ക്ക് സമീപം തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
