റോം: 2025-ലെ കത്തോലിക്കാ വിശുദ്ധ വർഷത്തിൽ റോമിലെത്തിയത് റെക്കോർഡ് തീർത്ഥാടകർ. വത്തിക്കാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 3.35 കോടി ആളുകളാണ് കഴിഞ്ഞ വർഷം സന്ദർശനം നടത്തിയത്. ഇത് റോമിലെ ഹോട്ടലുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വലിയ ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ട്. 2000-ൽ നടന്ന ജൂബിലിയിൽ 2.5 കോടി തീർത്ഥാടകർ എത്തിയതായിരുന്നു മുൻപത്തെ റെക്കോർഡ്. ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച ജൂബിലി വർഷം അദ്ദേഹത്തിന്റെ പിൻഗാമിയായ ലിയോ മാർപാപ്പയാണ് ചൊവ്വാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങോടെ അവസാനിപ്പിക്കുന്നത്.

ഈ വിശുദ്ധ വർഷത്തിനായി നഗരത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടന്നിരുന്നു. പുതിയ റോഡുകൾ, മെട്രോ നവീകരണം, ചരിത്ര സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി ഏകദേശം 370 കോടി യൂറോ സർക്കാർ ചെലവഴിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ജനങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും, ഇത് റോമിനെ കൂടുതൽ ആധുനികമാക്കാൻ സഹായിച്ചുവെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. 2033-ലെ ജൂബിലി വർഷത്തിലേക്ക് റോമിനെ സജ്ജമാക്കാൻ ഈ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
