Thursday, January 8, 2026

‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം, പിഎസ്എല്‍വി സി62 വിക്ഷേപണം 12ന്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി62 വിന്റെ വിക്ഷേപണം ഈ മാസം 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17ന് പിഎസ്എല്‍വി -സി 62 കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. പിഎസ്എല്‍വിയുടെ 64ാം വിക്ഷേപണമാണിത്.

2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാർ കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2026ന്റ തുടക്കത്തില്‍ പുതിയ ദൗത്യം നടത്തി പിഎസ്എല്‍വിയെ വിജയവഴിയില്‍ തിരികെയെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

രണ്ട് സ്ട്രാപ്പ് – ഓണ്‍ ബൂസ്റ്ററുകളുള്ള പിഎസ്എല്‍വി ഡിഎല്‍ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ വിക്ഷേപണവുമായിരിക്കുമിത്. കഴിഞ്ഞ വര്‍ഷം പിഎസ്എല്‍വി സി 61 വിക്ഷേപണത്തില്‍ നേരിട്ട പരാജയത്തിന് ശേഷമുള്ള പിഎസ്എല്‍വി(പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍)യുടെ ആദ്യ വിക്ഷേപണമാണിത്. ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളില്‍ ഉപയോഗിച്ച പിഎസ്എല്‍വി ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്.

കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയവയെ ശക്തിപ്പെടുത്താനായി തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൂടാതെ സ്വകാര്യ കമ്പനികളുടേതുള്‍പ്പെടെ പതിനെട്ട് ചെറു പേലോഡുകളേയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ്എയിഡ് എയ്‌റോസ്‌പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്‌പെയിനില്‍ നിന്നുള്ള കിഡ് തുടങ്ങിയവയെയാണ് പിഎസ്എല്‍വി വഹിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!