ഓട്ടവ: വിദേശികളോടുള്ള ഉദാരമായ നിലപാടുകൾ തിരുത്തി 2026-ൽ ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും നടപ്പിലാക്കാൻ ഫെഡറൽ സർക്കാർ. രാജ്യത്തെ സ്ഥിരതാമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ഇന്റർനാഷണൽ സ്റ്റുഡന്റ് വിസകളിലും താൽക്കാലിക തൊഴിലാളികളുടെ എണ്ണത്തിലും വലിയ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.ആർ. (പെർമനൻ്റ് റെസിഡൻസി) ൽ 2026-ൽ 380,000 പേർക്ക് മാത്രമേ സ്ഥിരതാമസം അനുവദിക്കൂ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (395,000) ഏകദേശം 15,000-ത്തോളം കുറവാണ്. 2024-ൽ ഇത് 483,640 ആയിരുന്നു എന്നതിൽ നിന്ന് തന്നെ വലിയൊരു കുറവാണ് രാജ്യം ലക്ഷ്യമിടുന്നത്. സ്റ്റുഡന്റ് വിസയിൽ ഏറ്റവും വലിയ പ്രഹരം രാജ്യാന്തര വിദ്യാർത്ഥികൾക്കായിരിക്കും. 2025-ൽ 437,000 സ്റ്റഡി പെർമിറ്റുകൾ നൽകാൻ പദ്ധതിയിട്ടിരുന്ന സ്ഥാനത്ത്, 2026-ൽ അത് വെറും 155,000 ആയി ചുരുക്കി. അതായത് പകുതിയിലധികം കുറവ്. ഇത്തവണ 230,000 താൽക്കാലിക തൊഴിലാളികളെ മാത്രമേ കാനഡ സ്വീകരിക്കൂ. കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 135,000 കുറവാണിത്. ഈ വർഷം 56,200 അഭയാർത്ഥികളെയും സംരക്ഷിത വ്യക്തികളെയും മാത്രമായിരിക്കും കാനഡ സ്വീകരിക്കുക. ഇത് 2025-നെ അപേക്ഷിച്ച് ചെറിയ കുറവാണ്.

അഭയാർത്ഥി അപേക്ഷകൾക്കും ഇമിഗ്രേഷൻ അപേക്ഷകൾക്കും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന Bill C-12 എന്ന ബില്ലിന് ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് കാനഡയിൽ എത്തി ഒരു വർഷത്തിന് ശേഷം അഭയാർത്ഥി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പൊതുതാത്‌പര്യം കണക്കിലെടുത്ത് നിലവിലുള്ള ഇമിഗ്രേഷൻ അപേക്ഷകൾ റദ്ദാക്കാനും സർക്കാരിന് അധികാരം ലഭിക്കുന്ന രീതിയിൽ നിയമം മാറ്റി. അതേ സമയം പുതിയ നീക്കത്തിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. കാനഡയുടെ ജനസംഖ്യ വളർച്ച കുറയുന്ന സാഹചര്യത്തിൽ ഇത്തരം വെട്ടിക്കുറയ്ക്കലുകൾ തിരിച്ചടിയാകുമെന്നാണ് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്. നിർമ്മാണം , ഗതാഗതം, ആരോഗ്യമേഖല തുടങ്ങിയ രംഗങ്ങളിൽ കാനഡയ്ക്ക് ഇമിഗ്രേഷൻ അത്യാവശ്യമാണെന്ന് ഇമിഗ്രേഷൻ നിയമവിദഗ്ധൻ രവി ജെയിൻ പറഞ്ഞു. രാജ്യത്തുള്ള വിദ്യാർത്ഥികളെ പി.ആർ. എടുക്കാൻ സഹായിക്കുന്നതിന് പകരം അവരെ തിരിച്ചയക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
