കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ വാദം.
സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ പോറ്റിക്ക് കൈമാറാൻ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്ഐടി തള്ളി. പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി അറിയിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ പ്രതികള്‍ ബെംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകൾ ജാമ്യവിധിയിൽ നിർണ്ണായകമാകും.
