വാഷിങ്ടൺ: വെനസ്വേലയിലെ ഡെൽസി റോഡ്രിഗസ് നേതൃത്വം നൽകുന്ന ഇടക്കാല ഭരണകൂടവുമായി എണ്ണ ഇടപാടിൽ ഒപ്പിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30 മുതൽ 50 മില്യൺ ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് വിപണി വിലയ്ക്ക് വെനസ്വേല വിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താൻ നേരിട്ട് നിയന്ത്രിക്കുമെന്നും, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി മാത്രമേ ഇത് ഉപയോഗിക്കൂ എന്ന് ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
എന്നാൽ, ട്രംപിന്റെ ഈ നടപടി ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയുടെ ആഗോള നിലയെ തകർക്കുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയെയും സ്ഥാപനപരമായ സന്തുലിതാവസ്ഥയെയും അവഗണിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ വാഷിങ്ടണിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക നടപടികളെക്കുറിച്ചോ എണ്ണ ഇടപാടിനെക്കുറിച്ചോ സഖ്യകക്ഷികളുമായോ ട്രംപ് മുൻകൂട്ടി ചർച്ച നടത്തിയിട്ടില്ലാത്തത് അമേരിക്കയ്ക്കകത്തും പുറത്തും വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. റഷ്യയോ ചൈനയോ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമത്തെ സംരക്ഷിക്കുന്നു എന്ന അമേരിക്കയുടെ അവകാശവാദം ഇതോടെ ദുർബലമായേക്കാം. പൂർണ്ണമായും അധികാരശക്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ള വിദേശനയമാണിതെന്നാണ് ഇയാൻ ബ്രെമ്മറിന്റെ വിലയിരുത്തൽ.
