ന്യൂയോര്‍ക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യം അമേരിക്കയ്ക്ക് ഭീഷണിയാണെന്നും, അതിനാൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കേണ്ടത് അനിവാര്യമാണെന്നുമാണ് ട്രംപിന്റെ വാദം. ഗ്രീൻലൻഡിലെ ധാതു സമ്പത്തിലും എണ്ണ നിക്ഷേപത്തിലും അമേരിക്കയ്ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്സൺ ശക്തമായി രംഗത്തെത്തി. ഗ്രീൻലൻഡ് വിൽപനയ്ക്കുള്ളതല്ലെന്നും അത് അവിടുത്തെ ജനങ്ങളുടേതാണെന്നും അവർ വ്യക്തമാക്കി. ഗ്രീൻലാൻഡിനെ ഡെന്മാർക്ക് വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്ന ട്രംപിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞ അവർ, മേഖലയുടെ സുരക്ഷയ്ക്കായി രാജ്യം വലിയ തുക നീക്കിവെച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

ഡെന്മാർക്കിന് പിന്തുണയുമായി യുകെ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും രംഗത്തുവന്നു. മറ്റൊരു രാജ്യത്തിന്റെ പ്രദേശം പിടിച്ചെടുക്കാൻ ട്രംപിന് അധികാരമില്ലെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ട്രംപിന്റെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര തർക്കങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
