മൺട്രിയോൾ: ബീജ സങ്കലനത്തിലായി ഉപയോഗിക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷനിൽ (IVF) പുതിയ കണ്ടെത്തൽ വികസിപ്പിച്ച് മക്ഗിൽ സർവകലാശാല. IVF ചികിത്സ എടുക്കുന്ന സ്ത്രീകൾക്ക് ഇനി വേദനയേറിയ ഹോർമോൺ കുത്തിവെപ്പുകൾ ഒഴിവാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക ‘മൈക്രോ നീഡിൽ പാച്ച്’, ദിവസവും ഒരേ സമയത്ത് കുത്തിവെപ്പ് എടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും ചികിത്സയുടെ വിജയം വർദ്ധിപ്പിക്കാനും ഈ പുതിയ കണ്ടെത്തൽ ഉപകരിക്കും.
ശരീരത്തിൽ ഒട്ടിച്ചു വെക്കാവുന്ന ഈ പാച്ചിൽ വളരെ ചെറിയ സൂചികളാണുള്ളത്. പ്രകാശത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പാച്ച്, നിശ്ചിത സമയത്ത് ഹോർമോൺ മരുന്നുകൾ തനിയെ ശരീരത്തിലേക്ക് കടത്തിവിടും. ഇതിലെ അപകടകരമല്ലാത്ത ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിച്ചാണ് മരുന്ന് പുറത്തുവിടുന്നത്. മരുന്ന് കൃത്യസമയത്ത് ശരീരത്തിലെത്തുന്നത് വഴി ഐവിഎഫ് പരാജയപ്പെടാനുള്ള സാധ്യത കുറയും.

നിലവിൽ മൃഗങ്ങളിലാണ് ഈ പരീക്ഷണം നടത്തി വരുന്നത്. മനുഷ്യരിൽ പരീക്ഷിക്കുന്നതിനും ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കുന്നതിനും ഇനിയും വർഷങ്ങൾ എടുത്തേക്കാമെന്ന് ഗവേഷകർ അറിയിച്ചു. ഭാവിയിൽ പ്രമേഹം പോലുള്ള മറ്റ് രോഗങ്ങൾക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.
