ഹാലിഫാക്സ്: ന്യൂ ബ്രൺസ്‌വിക്കിലെ ലോബ്‌സ്റ്റർ കമ്പനിയായ LeBreton & Sons നെതിരെ സർക്കാർ ഏർപ്പെടുത്തിയിരുന്ന കടുത്ത ശിക്ഷാനടപടികൾ റദ്ദാക്കി ഫെഡറൽ കോടതി. ശമ്പളം നൽകുന്നതിലെ വീഴ്ചയും ജോലിസ്ഥലത്തെ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 3 ലക്ഷം ഡോളർ പിഴയും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്കുമാണ് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ കോടതി തിരുത്തിയത്.
തൊഴിലാളികൾക്കെതിരെ അതിക്രമം നടന്നുവെന്ന ആരോപണം ശരിയായി പരിശോധിക്കാതെയാണ് സർക്കാർ നടപടിയെടുത്തതെന്നാണ് കോടതിയുടെ നിരീക്ഷണം. ആരോപണവിധേയനായ സൂപ്പർവൈസർ നേരത്തെ തന്നെ കമ്പനി വിട്ടിരുന്നുവെന്ന വസ്തുത അധികൃതർ പരിഗണിച്ചില്ല. ഈ വിലക്ക് കാരണം തങ്ങൾക്ക് 3 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായും സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കം വന്നതായും കമ്പനി ഉടമ കോടതിയെ അറിയിച്ചു.

ഗവൺമെന്റിന്റെ നടപടിയിൽ പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും മറ്റ് ചില നിയമലംഘനങ്ങൾ കോടതി ശരിവെച്ചിട്ടുണ്ട്. അതിനാൽ സർക്കാർ ഈ വിഷയം വീണ്ടും വിശദമായി പരിശോധിക്കും. പുതിയ പരിശോധനയ്ക്ക് ശേഷം സമാനമായ ശിക്ഷാ നടപടികൾ തന്നെ വരാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. നിലവിൽ വിലക്ക് നീങ്ങിയത് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക ആശ്വാസമേകും
