ഓട്ടവ : ഒൻ്റാരിയോയിലെ പെർത്ത് കൗണ്ടിയിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്നതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) മുന്നറിയിപ്പ് നൽകി. ലിസ്റ്റോവലിന് സമീപമുള്ള നാല് ഫാമുകളിലായി എച്ച്.പി.എ.ഐ (Highly Pathogenic Avian Influenza) ബാധ കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം 124,000 ടർക്കികളെ കൊന്നൊടുക്കിയതായി ഏജൻസി അറിയിച്ചു.

ഡിസംബറിൽ ലിസ്റ്റോവലിനടുത്തുള്ള ഒരു ടർക്കി ഫാമിൽ HPAI കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നാല് ഫാമുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ CFIA 124,000 ടർക്കികളെ കൊന്നൊടുക്കി. കൂടാതെ കഴിഞ്ഞ നവംബറിൽ സ്ട്രാട്രോയിക്ക് സമീപമുള്ള അഞ്ച് ഫാമുകളിൽ പക്ഷിപ്പനി കണ്ടെത്തുകയും തുടർന്ന് 33,000 ടർക്കികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

കാനഡയിലുടനീളം നിലവിൽ 50 ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ബ്രിട്ടിഷ് കൊളംബിയയിലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാൻ കർശനമായ പരിശോധനകളും മുൻകരുതൽ നടപടികളും തുടരുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
