കാൽഗറി: വിമാനയാത്രയ്ക്കിടെ ജീവനക്കാരൻ തന്റെ ശരീരഭാരത്തെ പരിഹസിക്കുകയും അനുവാദമില്ലാതെ വയറ്റിൽ തട്ടുകയും ചെയ്തതിൽ പരാതിയുമായി കാനഡയിലെ ആൽബർട്ട സ്വദേശിയായ ഡേവ് റോജേഴ്സ്. ക്രിസ്മസ് ആഘോഷങ്ങൾക്കായി മെക്സിക്കോയിലേക്ക് പോയ റോജേഴ്സിനും ഭാര്യയ്ക്കുമാണ് വിമാനത്തിൽ ഈ ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ റോജേഴ്സ് രണ്ട് കാൻ സോഡ കുടിച്ചപ്പോഴാണ് കാബിൻ ക്രൂ റോജേഴ്സിന്റെ വയറ്റിലേക്ക് തട്ടുകയും പരിഹസിക്കുകയും ചെയ്‌തത്. 23 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച റോജേഴ്സ്, ഈ സംഭവം തന്നെ ഏറെ തളർത്തിയെന്നും തന്റെ അവധിക്കാലം തന്നെ ഈ പ്രവൃത്തി മൂലം മോശമായെന്നും പറഞ്ഞു. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ വെസ്റ്റ് ജെറ്റ് എയർലൈൻസ് ഔദ്യോഗികമായി ക്ഷമാപണം നടത്തി. ഇത്തരം പെരുമാറ്റങ്ങൾ വിമാന ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിന് വിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, സംഭവത്തിന് കൃത്യമായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ റോജേഴ്സ് ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ സംഭവത്തെക്കുറിച്ച് കമ്പനി ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്.
