തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒന്‍പതിന് വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് സൗമന്‍ സെന്‍ എത്തുന്നത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കവേയാണ് അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

കൊല്‍ക്കത്ത സ്വദേശിയായ ഇദ്ദേഹം 1991-ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2011 ഏപ്രില്‍ 13-ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് അവിടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിലാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇദ്ദേഹം ചുമതലയേറ്റത്.
പുതിയ ചീഫ് ജസ്റ്റിസിന്റെ വരവ് കേരളത്തിലെ നീതിന്യായ വ്യവസ്ഥയില്‍ കൂടുതല്‍ കാര്യക്ഷമതയും പുരോഗതിയും കൊണ്ടുവരുമെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. 2027 ജൂലൈ വരെയാണ് ഇദ്ദേഹത്തിന് കാലാവധിയുള്ളത്.
