ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നിയമിച്ച ഔദ്യോഗിക പ്രതിനിധി ചുമതലയേല്‍ക്കുന്നു. താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ആണ് എംബസിയുടെ നിയന്ത്രണം ഏറ്റെടുക്കാനായി ഡല്‍ഹിയിലെത്തിയത്. 2021-ല്‍ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഇത്തരമൊരു നിര്‍ണ്ണായക ചുവടുവെപ്പ് ഉണ്ടാകുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 25-ന് താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് നയതന്ത്ര പ്രതിനിധിയെ നിയമിക്കുന്നത് സംബന്ധിച്ച ധാരണയായത്. അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നൂര്‍ അഹമ്മദ് നൂര്‍ ഇന്ത്യയിലെത്തുന്നത്. കാബൂളിലെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഒന്നാം പൊളിറ്റിക്കല്‍ ഡിവിഷന്‍ ഡയറക്ടര്‍ ജനറലായിരുന്നു നൂര്‍.
നിലവില്‍ ഔദ്യോഗിക നിയമന കത്തുകള്‍ കൈമാറിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അദ്ദേഹം ‘ചാര്‍ജ് ദ അഫയേഴ്സ്’ (Charge d’Affaires) ആയി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇന്ത്യ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ മിഷന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് താലിബാന്‍ പ്രതിനിധിയെയും ഇന്ത്യ സ്വീകരിക്കുന്നത്.

എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ അഴിച്ചുപണികള്‍ ഉടനടി ഉണ്ടാകില്ലെന്നാണ് സൂചന. എംബസിയില്‍ നിലവിലുള്ള ജീവനക്കാരെയും അഫ്ഗാനിസ്ഥാന്റെ പഴയ പതാകയെയും (ത്രിവര്‍ണ്ണ പതാക) തല്‍ക്കാലം നിലനിര്‍ത്തും. താലിബാന്‍ പ്രതിനിധിയെ നിയമിക്കാനുള്ള മുന്‍പത്തെ ശ്രമങ്ങള്‍ എംബസി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളില്‍ മാത്രമായിരുന്നു താലിബാന്‍ നിയമിച്ച പ്രതിനിധികള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയില്‍ ചുമതലയേല്‍ക്കുന്നതോടെ, നിലവില്‍ എംബസിയുടെ ചുമതല വഹിക്കുന്ന ഹൈദരാബാദ് കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിംഖില്‍ തിരികെ പോകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പദ്ധതികള്‍ പുനരാരംഭിക്കുന്നതിനും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ നിയമനം വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
