കാരക്കസ്: അമേരിക്കയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് വെനസ്വേല തുടക്കമിട്ടു. വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സഹകരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി കാരക്കസിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വെനസ്വേലയിലെത്തി. സമാധാനശ്രമങ്ങളുടെ ഭാഗമായി വെനസ്വേല രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു തുടങ്ങി. ജയിലുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ബന്ധുക്കള്‍ വൈകാരികമായാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിച്ചത്. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യുഎസുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ നീക്കം. ഇതിന് പകരമായി വെനസ്വേലയ്ക്ക് നേരെ നടത്താനിരുന്ന രണ്ടാംഘട്ട സൈനിക ആക്രമണങ്ങള്‍ ഒഴിവാക്കിയതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘വെനസ്വേല സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണിത്, അതുകൊണ്ട് നിശ്ചയിച്ചിരുന്ന ആക്രമണങ്ങള്‍ ഞാന്‍ റദ്ദാക്കി,’ എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

വെനസ്വേലയിലെ ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരം ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീക്കങ്ങളും ട്രംപ് ഭരണകൂടം സജീവമാക്കിയിട്ടുണ്ട്. വെനസ്വേലയിലെ എണ്ണ മേഖലയില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ പ്രമുഖ എണ്ണ കമ്പനികള്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. വെനസ്വേലയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം ഉടന്‍ തന്നെ വാഷിങ്ടണിലെത്തി സാമ്പത്തിക ചര്‍ച്ചകളില്‍ പങ്കുചേരും. ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ മിന്നല്‍ നീക്കത്തിലൂടെയാണ് അന്നത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത്. നൂറോളം പേര്‍ കൊല്ലപ്പെട്ട ആ സൈനിക നീക്കത്തിന് ശേഷം മഡുറോയെയും ഭാര്യയെയും ലഹരിമരുന്ന് കടത്ത് കേസുകളില്‍ വിചാരണ ചെയ്യുന്നതിനായി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയി. ഇതിനിടെ, മഡുറോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കാരക്കസ് നഗരത്തില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. എങ്കിലും പുതിയ ഭരണകൂടവുമായി ചേര്‍ന്ന് വെനസ്വേലയെ പുനര്‍നിര്‍മ്മിക്കാനാണ് അമേരിക്കയുടെ നീക്കം.
