ഓട്ടവ : ജനകീയപ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെ ഇറാനിയൻ അധികാരികളുടെ ശക്തമായ അടിച്ചമർത്തലിനെ അപലപിച്ച് കാനഡ. പ്രതിഷേധ പ്രകടനങ്ങൾ രണ്ടാഴ്ചയോടടുക്കുമ്പോൾ, ഇറാനിയൻ ഭരണകൂടത്തിന്‍റെ നടപടികളെ പ്രധാനമന്ത്രി മാർക്ക് കാർണി അപലപിച്ചു. അക്രമം, ഏകപക്ഷീയമായ അറസ്റ്റുകൾ, സ്വന്തം ജനങ്ങൾക്കെതിരായ ഇറാനിയൻ ഭരണകൂടത്തിന്റെ ഭീഷണി തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെയധികം ആശങ്കാജനകമാണ്, അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന പ്രകടനങ്ങൾ, വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ തുടങ്ങിയവ കണക്കിലെടുത്തു കനേഡിയൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്ര ഒഴിവാക്കണമെന്നും ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു.

നിലവിൽ ഇറാനിലുള്ള കനേഡിയൻ പൗരന്മാർ സുരക്ഷിതമായി പോകാൻ കഴിയുമെങ്കിൽ രാജ്യം വിടണമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. ഇപ്പോൾ പല വിമാനക്കമ്പനികളും ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. എന്നാൽ, കരമാർഗ്ഗം അതിർത്തികടക്കാൻ മാർഗ്ഗങ്ങളുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

അതിനിടെ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ മരണസംഖ്യ 466 ആയെന്ന് യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്‌ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം മരണസംഖ്യ 538 ആയെന്ന് പ്രക്ഷോഭകർ അറിയിച്ചു. 10,600 പേർ അറസ്റ്റിലായെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭം തുടങ്ങിയത് മുതൽ ആരംഭിച്ച ഇന്റർനെറ്റ് നിരോധനം ഇറാനിൽ തുടരുകയാണ്.
