വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരത്ത് ശക്തമായ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. മെട്രോ വൻകൂവർ, ഹോവ് സൗണ്ട് മേഖലകളിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാമെന്നും മഴ തിങ്കളാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ ഓഫീസ് പറയുന്നു. ചില പ്രദേശങ്ങളിൽ 125 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു, വടക്കൻ തീരത്ത് ആയിരിക്കും കൂടുതൽ മഴ. തിങ്കളാഴ്ച രാത്രിയോടെ കനത്ത മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയെ തുടർന്ന് നോർത്ത് ആൻഡ് വെസ്റ്റ് വൻകൂവർ ഐലൻഡ്, സൺഷൈൻ കോസ്റ്റ്, ഹോവ് സൗണ്ട്, നോർത്ത് ഷോർ മൗണ്ടൻസ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം താപനില ഉയരുന്നത് മഞ്ഞുരുകുന്നതിനും ഇത് വഴി നദികളിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമാകും. കനത്ത മഴ മണ്ണിടിച്ചിലിനും വൈദ്യുതി തടസ്സപ്പെടാനും കാരണമാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
