ന്യൂയോർക്ക്: വെനസ്വേലൻ ഏകാധിപതി നിക്കോളാസ് മഡുറോയെ പിടികൂടാനായി അമേരിക്കൻ സേന നടത്തിയ മിന്നൽ നീക്കത്തിൽ അതിശക്തമായ ‘രഹസ്യ ആയുധം’ ഉപയോഗിച്ചതായി റിപ്പോർട്ട്. ഡയറക്‌ട് എനർജി ആയുധമാവാം ഇതെന്നാണ് വിദഗ്‌ദ്ധർ നൽകുന്ന സൂചന. ജനുവരി 3-ന് നടന്ന റെയ്ഡിനിടെ അമേരിക്കൻ സൈന്യം ഉപയോഗിച്ച സാങ്കേതികവിദ്യ വെനസ്വേലൻ സൈനികരെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. തീവ്രമായ ശബ്ദതരംഗം പോലുള്ള ഒരായുധം വെനസ്വേലൻ സൈനികരെ നിശ്‌ചലരാക്കി. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ മൈക്ക് നെറ്റർ പങ്കുവെച്ച മാധ്യമ അഭിമുഖ ഭാഗം വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ കീഴടങ്ങിയതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ എക്സ് പോസ്റ്റ് യു.എസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് തുടങ്ങുന്നതിന് മുൻപായി വെനസ്വേലൻ സൈന്യത്തിന്റെ റഡാർ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമായെന്നും പിന്നാലെ നൂറുകണക്കിന് ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടെന്നുമാണ് വെളിപ്പെടുത്തൽ. സോണിക് വെപ്പൺപോലെയുള്ള, അതിശക്തമായ ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു രഹസ്യ ആയുധം അമേരിക്കൻ സൈന്യം പ്രയോഗിക്കുകയായിരുന്നു. തോക്കുകൾക്ക് പുറമേയാണിത്.

ഇത് സൈനികരുടെ തലയ്ക്കുള്ളിൽ സ്ഫോടനം നടക്കുന്നതുപോലെയുള്ള അനുഭവം ഉണ്ടാക്കിയെന്നും മൂക്കിലൂടെയും വായയിലൂടെയും രക്തം വരാൻ കാരണമായെന്നും ദൃക്സാക്ഷി പറയുന്നു. വെറും 20 യു.എസ് സൈനികർ ചേർന്ന് നൂറുകണക്കിന് വെനസ്വേലൻ പോരാളികളെയാണ് നിമിഷങ്ങൾക്കുള്ളിൽ വധിച്ചത്. അതേ സമയം അവരുടെ ഭാഗത്ത് ഒരാൾക്ക് പോലും പരിക്കേറ്റില്ല എന്നത് ശ്രദ്ധേയമാണ്. മൈക്രോവേവ് തരംഗങ്ങളോ ലേസർ രശ്മികളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘ഡയറക്ടഡ് എനർജി വെപ്പൺസ്’ആയിരിക്കാം ഇതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരം ആയുധങ്ങൾ ശരീരത്തിൽ പൊള്ളലുണ്ടാക്കാനും ചലനശേഷി നഷ്ടപ്പെടുത്താനും രക്തസ്രാവമുണ്ടാക്കാനും ശേഷിയുള്ളവയാണ്.

മുമ്പ് ചൈന ഇത്തരം ആയുധങ്ങൾ അതിർത്തിയിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, അമേരിക്ക ഇത് യുദ്ധരംഗത്ത് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഈ വിവരണം റീപോസ്റ്റ് ചെയ്തത് അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്നതിന് തുല്യമാണോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. ജനുവരി 3-ലെ ഓപ്പറേഷനിൽ ഏകദേശം 100 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തര മന്ത്രാലയം പറഞ്ഞിട്ടുണ്ട്. മരണങ്ങൾ ഏതെങ്കിലും ആയുധവുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല.
