ഓട്ടവ : കാനഡയിലെ ശരാശരി വാടക നിരക്ക് ഡിസംബറിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2.3% കുറഞ്ഞ് 2,060 ഡോളറായതായി റിപ്പോർട്ട്. മുഴുവൻ വർഷവും കണക്കാക്കുമ്പോൾ, കാനഡയിലെ ശരാശരി വാടക നിരക്ക് 2025-ൽ 3.1% കുറഞ്ഞു. ഇത് കോവിഡ് മഹാമാരികാലത്തേക്കാൾ വലിയ വാർഷിക ഇടിവാണ് രേഖപ്പെടുത്തിയതെന്നും Rentals.ca, Urbanation റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 5.4% വാടക കുറഞ്ഞിട്ടുണ്ടെങ്കിലും, 2019 ഡിസംബറിലെ കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ 14.1% കൂടുതലാണ് ഇപ്പോഴും. സെക്കൻഡറി മാർക്കറ്റ് യൂണിറ്റുകളാണ് വാടക കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ജനസംഖ്യാ വളർച്ച മന്ദഗതിയിലാകൽ, സാമ്പത്തിക അനിശ്ചിതത്വം, നിർമ്മാണം പൂർത്തിയായ വീടുകളുടെ എണ്ണം എന്നിവയും വാടക കുറയ്ക്കാൻ സഹായിച്ചതായി Rentals.ca, Urbanation റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഡിസംബറിൽ വീടുകളുടെയും ടൗൺഹൗസുകളുടെയും ശരാശരി വാടക അഞ്ച് ശതമാനം കുറഞ്ഞ് 2,071 ഡോളറിലെത്തി. അതേസമയം കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകളുടെ വാടക വർഷം തോറും നാല് ശതമാനം കുറഞ്ഞ് 2,131 ഡോളറുമായി. പ്രവിശ്യ കണക്കാക്കിയാൽ, ഡിസംബറിൽ ശരാശരി അപ്പാർട്ട്മെൻ്റ് വാടക ബ്രിട്ടിഷ് കൊളംബിയയിൽ 5.4% കുറഞ്ഞ് 2,353 ഡോളറിലും ഒൻ്റാരിയോയിൽ 3.2% കുറഞ്ഞ് 2,257 ഡോളറിലും എത്തി. ആൽബർട്ടയിലും കെബെക്കിലും വാടക യഥാക്രമം 2.7% കുറഞ്ഞ് 1,671 ഡോളറും 1.9% കുറഞ്ഞ് 1,934 ഡോളറുമായി. അതേസമയം സസ്കാച്വാനിൽ ശരാശരി വാടക 7.1% വർധിച്ച് 1,395 ഡോളറിലെത്തി. നോവസ്കോഷയിൽ വാടക 1.8% ഉയർന്ന് 2,268 ഡോളറിലും മാനിറ്റോബയിൽ ഒരു ശതമാനം ഉയർന്ന് 1,633 ഡോളറിലും എത്തി.
