ടെഹ്റാന്‍: ഇറാനില്‍ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍- യുഎസ് സമാധാന ചര്‍ച്ചകള്‍ക്ക് വഴിതെളിയുന്നു. ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ടെഹ്റാനിലെത്തി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ആക്രമിക്കുമെന്ന തന്റെ ഭീഷണിയെത്തുടര്‍ന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതായും ഇതിനായി വൈറ്റ് ഹൗസ് ഒരുക്കങ്ങള്‍ തുടങ്ങിയതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇറാന്റെ ആണവപദ്ധതിക്കും ബാലിസ്റ്റിക് മിസൈല്‍ പരിപാടികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന അമേരിക്കയുടെ കടുംപിടുത്തം ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. തങ്ങള്‍ യുദ്ധത്തിന് സജ്ജമാണെന്നും എന്നാല്‍ ചര്‍ച്ചയുടെ വാതിലുകള്‍ അടച്ചിട്ടില്ലെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ നിലപാട്. രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പടര്‍ന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിന് തടയിടാന്‍ സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങളും ഇന്നലെ സംഘടിപ്പിക്കപ്പെട്ടു. ആയിരങ്ങള്‍ പങ്കെടുത്ത ഈ റാലികളില്‍ അമേരിക്കയ്‌ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

ഡിസംബര്‍ 28-ന് തുടങ്ങിയ ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 48 പൊലീസുകാര്‍ ഉള്‍പ്പെടെ 546 പേര്‍ കൊല്ലപ്പെട്ടതായും 16,000 പേര്‍ അറസ്റ്റിലായതായും യുഎസ് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇറാന്‍ ഭരണകൂടം ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നത് വാര്‍ത്താ വിനിമയത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ, അമേരിക്കയിലെ ലൊസാഞ്ചലസില്‍ ഇറാന്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി നടന്ന റാലിക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
