ഓട്ടവ : അടുത്ത രണ്ട് വർഷത്തിനുള്ളിൽ നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 100 പേർക്ക് ഈ ആഴ്ച നോട്ടീസ് നൽകുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഏകദേശം 850 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏജൻസിയുടെ എക്സിക്യൂട്ടീവ് ടീമിലെ 12% പേർക്കും ജോലി നഷ്ടപ്പെടും. ഈ ആഴ്ച ജോലി നഷ്ടമാകുന്ന 100 പേർക്ക് പുറമെ, ബാക്കിയുള്ള 750 തസ്തികകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിശ്ചയിക്കും. ഏകദേശം 3,200 ജീവനക്കാരുടെ ഇടയിൽ നിന്നായിരിക്കും ഈ വെട്ടിക്കുറയ്ക്കൽ നടക്കുക. പിരിച്ചുവിടലുകൾ ഒഴിവാക്കാൻ വോളന്ററി ഡിപ്പാർച്ചർ (സ്വയം വിരമിക്കൽ), നേരത്തെയുള്ള വിരമിക്കൽ (Early Retirement) എന്നീ പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു. നിർബന്ധിതമായി പിരിച്ചുവിടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമമെങ്കിലും പല വകുപ്പുകളിലും ജീവനക്കാർക്ക് ഈ മാസാവസാനത്തോടെ നോട്ടീസ് ലഭിച്ചു തുടങ്ങും.

കോവിഡ് മഹാമാരിക്ക് ശേഷം കാനഡയിലെ പൊതുമേഖലാ ജീവനക്കാരുടെ എണ്ണം വർധിച്ചതായും അത് നിയന്ത്രിക്കണമെന്നും ഫെഡറൽ സർക്കാർ പറയുന്നു. 2024 മാർച്ചിൽ 3.67 ലക്ഷത്തിലധികം ഉണ്ടായിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 2029-ഓടെ 3.30 ലക്ഷമായി കുറയ്ക്കാനാണ് ലിബറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനും 6,000 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു.
