പി പി ചെറിയാൻ
സൗത്ത് കാരൊലൈന : സൗത്ത് കാരൊലൈനയിൽ അഞ്ചാംപനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അപ്‌സ്റ്റേറ്റ് മേഖലയിലാണ് ഏറ്റവും കൂടുതൽ അഞ്ചാംപനി ബാധിതരുള്ളത്. കഴിഞ്ഞ ആഴ്ച 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434 ആയി ഉയർന്നു. രോഗബാധിതരിൽ ഭൂരിഭാഗവും (398 പേർ) 17 വയസ്സിൽ താഴെയുള്ളവരാണ്. നിലവിൽ നാനൂറിലധികം ആളുകൾ ക്വാറന്റൈനിലും 17 പേർ ഐസൊലേഷനിലുമാണ്. അയൽസംസ്ഥാനമായ നോർത്ത് കാരൊലൈനയിലും അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ച 434 പേരിൽ 378 പേരും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അഞ്ചാംപനിയെ തടയാൻ MMR വാക്സിൻ രണ്ട് ഡോസ് എടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ജനുവരി 2-ന് സൗത്ത് കാരൊലൈന സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ചവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുമായി ബന്ധപ്പെടണം. പനി, ചുമ, ജലദോഷം, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ തിണർപ്പുകൾ ഉണ്ടാകുന്നതാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം.
