Sunday, March 15, 2026

കാനഡ-ചൈന നയതന്ത്ര ചർച്ചകൾക്ക് തുടക്കം; മാർക്ക് കാർണി ചൈനയിൽ

ബീജിങ്: വർഷങ്ങളായി നിലനിൽക്കുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിക്കുന്നതിനും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി. അമേരിക്കയ്ക്ക് പുറമെയുള്ളെ രാജ്യങ്ങളുമായുള്ള വ്യാപാരം 2035-ഓടെ ഇരട്ടിയാക്കുക എന്ന കാനഡയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. വ്യാഴാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായും വെള്ളിയാഴ്ച പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും കാർണി കൂടിക്കാഴ്ച നടത്തും.

കനേഡിയൻ പൗരന്മാരെ ചൈന തടങ്കലിൽ വെച്ചതും തിരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടൽ ആരോപണങ്ങളും മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വഷളായിരിക്കുകയായിരുന്നു. 2022-ൽ ചൈനയെ ഒരു ‘വിനാശകാരിയായ ആഗോള ശക്തി’ എന്നാണ് ലിബറൽ സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ കാർണി അധികാരമേറ്റതോടെ ചൈനയെ ഒരു ‘തന്ത്രപ്രധാന പങ്കാളി’ എന്ന് വിശേഷിപ്പിക്കുകയും പ്രായോഗികമായ വിദേശനയത്തിന് ഊന്നൽ നൽകുകയും ചെയ്തു. തായ്‌വാൻ വിഷയത്തിലും ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കാനഡ ഇപ്പോൾ സ്വീകരിക്കുന്നത്.

ഊർജ്ജം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ചൈനയുമായി സഹകരിക്കാനാണ് കാനഡയുടെ നീക്കം. കാനഡയിൽ നിന്നുള്ള എണ്ണ, ഗ്യാസ് കയറ്റുമതി വർധിപ്പിക്കുന്നതിനായുള്ള കരാറുകളിൽ ഒപ്പിട്ടേക്കുമെന്ന് ഏഷ്യ പസഫിക് ഫൗണ്ടേഷൻ വിലയിരുത്തുന്നു. എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന മേഖലകളിലും ആർട്ടിക് പ്രദേശത്തും ചൈനയുടെ ഇടപെടൽ അനുവദിക്കില്ലെന്ന് കാർണി വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ഈ പുതിയ നിലപാട് അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ഉറ്റുനോക്കുന്നു.

കാനഡയിൽ നിന്നുള്ള കനോല, പോർക്ക്, സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്ക്ക് ചൈന ഏർപ്പെടുത്തിയ കനത്ത താരിഫുകൾ നീക്കം ചെയ്യുന്നതാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റീലിനും കാനഡ താരിഫ് ഏർപ്പെടുത്തിയതിന് പകരമായാണ് ചൈന ഈ നടപടി സ്വീകരിച്ചത്. ഈ താരിഫുകൾ പിൻവലിക്കണമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ ആവശ്യപ്പെട്ടു. എന്നാൽ ചൈനീസ് കമ്പനികൾക്ക് കാനഡയിൽ സ്വതന്ത്രമായ ബിസിനസ്സ് സാഹചര്യം ഒരുക്കണമെന്നാണ് ചൈനയുടെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!