ന്യൂയോർക്ക്: വിനോദവ്യവസായ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പൂർണ്ണമായും പണം നൽകി ഏറ്റെടുക്കാൻ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. 8300 കോടി ഡോളറിൻ്റെ കരാർ നടപ്പിലായാൽ സ്ട്രീമിംഗ് ദൃശ്യ വിപണിയിലെ പകുതിയോളം നിയന്ത്രണം നെറ്റ്ഫ്ലിക്സിന്റെ കൈകളിലാകും. നേരത്തെ ഓഹരികളും പണവും എറിഞ്ഞുള്ള കരാറായിരുന്നു നെറ്റ്ഫ്ളിക്സ് മുന്നോട്ടുവച്ചിരുന്നതെങ്കിലും മുഖ്യ എതിരാളിയായ പാരാമൗണ്ടിന്റെ കടന്നുകയറ്റം തടയാനാണ് ഇപ്പോൾ പൂർണ്ണമായും പണം മാത്രം നൽകിയുള്ള ഏറ്റെടുക്കലിന് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. വാർണർ ബ്രദേഴ്സ് സ്റ്റുഡിയോകൾ, എച്ച്ബിഒ (HBO) തുടങ്ങിയ സ്ട്രീമിംഗ് ബിസിനസ്സുകൾ വേഗത്തിൽ സ്വന്തമാക്കുക എന്നതാണ് നെറ്റ് ഫ്ളിക്സിൻ്റെ ലക്ഷ്യം. ഹാരി പോട്ടർ, സൂപ്പർമാൻ, ബാറ്റ്മാൻ തുടങ്ങിയ വമ്പൻ ഫ്രാഞ്ചൈസികളും ഗെയിം ഓഫ് ത്രോൺസ്, സക്സഷൻ തുടങ്ങിയ ഹിറ്റ് ഷോകളും ഇനി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. പാരാമൗണ്ട് സ്കൈഡാൻസ് 10,800 കോടി ഡോളറിന്റെ മറ്റൊരു ബിഡ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും വാർണർ ബ്രദേഴ്സ് ബോർഡ് നെറ്റ്ഫ്ലിക്സിനെയാണ് പിന്തുണയ്ക്കുന്നത്.

വിപണിയിൽ ഏകപക്ഷീയമായ ആധിപത്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരും ഈ കരാറിനെതിരെ രംഗത്തെത്തി. വാർണർ ബ്രദേഴ്സിന്റെ ഉടമസ്ഥതയിലുള്ള സിഎൻഎൻ (CNN), കാർട്ടൂൺ നെറ്റ്വർക്ക്, ഡിസ്കവറി ചാനൽ എന്നിവ നെറ്റ്ഫ്ലിക്സ് വാങ്ങുന്നില്ല. ഇവ ‘ഡിസ്കവറി ഗ്ലോബൽ’ എന്ന പേരിൽ പുതിയൊരു കമ്പനിയായി മാറുമെന്നാണ് റിപ്പോർട്ട്.
