ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്വിക്കിൽ, ഒഴിവാക്കാവുന്ന കാരണങ്ങളാലുള്ള മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലായി തുടരുന്നതായി റിപ്പോർട്ട്. 2019 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം, ഓരോ ഒരു ലക്ഷം പേരിലും ശരാശരി 202.5 പേർ കൃത്യമായ ചികിത്സയിലൂടെയോ മുൻകരുതലിലൂടെയോ ഒഴിവാക്കാമായിരുന്ന കാരണങ്ങളാൽ മരണപ്പെടുന്നുണ്ടെന്ന് ന്യൂ ബ്രൺസ്വിക് ഹെൽത്ത് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസകോശ അർബുദം, ഹൃദ്രോഗം എന്നിവയാണ് ഇത്തരത്തിലുള്ള മരണങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത്. പുകയിലയുടെ അമിത ഉപയോഗവും വീടുകളിലെ റാഡൺ ഗ്യാസിന്റെ ഉയർന്ന അളവും ശ്വാസകോശ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മരണനിരക്കിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ പ്രവിശ്യാ സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് വിലയിരുത്തൽ. കാൻസർ പോലുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള സ്ക്രീനിങ് പരിശോധനകളിൽ ന്യൂ ബ്രൺസ്വിക് നിവാസികൾ ദേശീയ ശരാശരിയേക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികളിലൂടെ ഭാവി തലമുറയെ ഇത്തരം ആരോഗ്യ ഭീഷണികളിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
