ടൊറന്റോ: നഗരത്തെയും പരിസരപ്രദേശങ്ങളെയും നിശ്‌ചലമാക്കിയ കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ടൊറന്റോയിലെ പ്രധാന വിമാനത്താവളങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും അനേകം സർവീസുകൾ വൈകുകയും ചെയ്തു. ബില്ലി ബിഷപ്പ് എയർപോർട്ടിൽ നിന്നുള്ള എല്ലാ എയർ കാനഡ സർവീസുകളും റദ്ദാക്കി. പോർട്ടർ എയർലൈൻസിന്റെ ഭൂരിഭാഗം സർവീസുകളെയും കാലാവസ്ഥ മോശമായി ബാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിമാനങ്ങൾ വൈകുന്ന ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപുള്ള മിക്ക വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തു. വിമാനങ്ങൾ പുറപ്പെടാൻ ശരാശരി 40 മിനിറ്റും ലാൻഡിംഗിന് രണ്ട് മണിക്കൂറിലധികവും താമസം നേരിടുന്നുണ്ട്. പിയേഴ്സൺ എയർപോർട്ടിൽ മാത്രം ഉച്ചവരെ 18 സെന്റിമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഇത് ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കാണ് (നേരത്തെ ഡിസംബർ 26-ന് രേഖപ്പെടുത്തിയ 12 സെ.മീ ആയിരുന്നു റെക്കോർഡ്). റൺവേയിലെ മഞ്ഞ് നീക്കം ചെയ്യാൻ ആധുനിക സ്നോപ്ലൗ മെഷീനുകൾ നിരന്തരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തുടരുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

ടൊറന്റോയ്ക്ക് പുറമെ മൺട്രിയോൾ, കെബെക്ക് സിറ്റി, ഓട്ടവ എന്നിവിടങ്ങളിലും വിമാനങ്ങൾ വൈകുന്നുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
