ബ്രാംപ്ടൺ : നഗരത്തിലെ ജലാശയങ്ങൾക്ക് സമീപം നിരവധി വാത്തകളെ ചത്ത നിലയിൽ കണ്ടെത്തിയതോടെ പക്ഷിപ്പനി സാധ്യത മുൻനിർത്തി സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രൊഫസേഴ്‌സ് തടാകത്തിനും റെജിനാൾഡ് കോനോവർ കുളത്തിനും സമീപം നിരവധി ചത്ത വാത്തകളെ കണ്ടെത്തിയതായി സിറ്റി അറിയിച്ചു. പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയാണ് മരണകാരണമെന്ന് സംശയിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും നിലവിൽ ജനങ്ങൾക്ക് ആശങ്കയ്ക്ക് വകയില്ലെന്നും ബ്രാംപ്ടൺ സിറ്റി റിപ്പോർട്ട് ചെയ്തു. എന്നാൽ, ജലപക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കാനും കാട്ടുപക്ഷികൾക്ക് ഭക്ഷണം നൽകുന്നതോ ഇടപഴകുന്നതോ ഒഴിവാക്കാനും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് പക്ഷി തീറ്റകൾ ഇടയ്ക്കിടെ നീക്കം ചെയ്യുകയോ വൃത്തിയാക്കുകയോ ചെയ്യണം. ബ്രാംപ്ടൺ നഗരപരിധിയിൽ ചത്ത പക്ഷികളെ കണ്ടെത്തുന്നവർ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടണം.

അതേസമയം വിറ്റ്ബി ബീച്ചിന് സമീപം ഒന്നിലധികം വാത്തകൾ ചത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പോർട്ട് വിറ്റ്ബി മറീനയ്ക്ക് സമീപം 10 വാത്തകളെ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കുന്നതിനായി കനേഡിയൻ വൈൽഡ്‌ലൈഫ് ഹെൽത്ത് കോഓപ്പറേറ്റീവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വാത്തകളുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
