മൺട്രിയോൾ : പ്രവിശ്യയിലെ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ ആയതായി കെബെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ISQ) റിപ്പോർട്ട്. 2024-2025 കാലഘട്ടത്തിൽ ജനസംഖ്യ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പകുതി നിരക്കിലാണെന്നും ISQ അറിയിച്ചു. പ്രവിശ്യാ തലത്തിൽ, ജനസംഖ്യാ വളർച്ചാ നിരക്ക് 2023-2024 ലെ 2 ശതമാനത്തിൽ നിന്ന് 2024-2025 ൽ 0.7 ശതമാനമായി കുറഞ്ഞു. താൽക്കാലിക വിദേശ തൊഴിലാളികൾ, വിദേശ വിദ്യാർത്ഥികൾ, അഭയം തേടുന്നവർ എന്നിവരടങ്ങുന്ന താൽക്കാലിക കുടിയേറ്റം 2024-2025 ൽ കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്നും ഏജൻസി ചൂണ്ടിക്കാട്ടി. അതേസമയം ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകമായി കുടിയേറ്റം തുടരുന്നു, കാരണം മിക്ക പ്രദേശങ്ങളിലും മരണങ്ങളുടെ എണ്ണം ജനന നിരക്കിനേക്കാൾ കൂടുതലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുടിയേറ്റം ഇല്ലെങ്കിൽ, കെബെക്കിലെ ജനസംഖ്യ എല്ലായിടത്തും കുറയും.

ജനസംഖ്യാ വളർച്ചയിൽ ഏറ്റവും വലിയ മാന്ദ്യം അനുഭവപ്പെട്ടത് മൺട്രിയോൾ മേഖലയിലാണ്. ജനസംഖ്യാ വളർച്ച 2023-2024-ലെ 3.4 ശതമാനത്തിൽ നിന്ന് 2024-2025 ൽ 0.3 ശതമാനമായി കുറഞ്ഞു. കൂടാതെ പ്രവിശ്യാ തലസ്ഥാനമായ കെബെക്ക് സിറ്റി, ലാവൽ മേഖലകളിലും ഈ ഇടിവ് വളരെ പ്രകടമാണ്. നേരെമറിച്ച്, ലനോഡിയർ മേഖലയിലാണ് ഏറ്റവും ചെറിയ ഇടിവ് അനുഭവപ്പെട്ടത്. ഇതേ കാലയളവിൽ ജനസംഖ്യാ വളർച്ച 1.7 ശതമാനത്തിൽ നിന്ന് 1.6 ശതമാനത്തിന്‍റെ കുറവ് മാത്രമാണ് ലനോഡിയർ മേഖലയിൽ ഉണ്ടായിട്ടുള്ളത്.
