ന്യൂജഴ്സി : സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ ന്യൂജഴ്സിയിൽ ഇന്ത്യൻ വംശജയായ യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിലെ ഹിൽസ്ബറോയിൽ താമസിക്കുന്ന പ്രിയദർശിനി നടരാജൻ (35) ആണ് അറസ്റ്റിലായത്. അഞ്ചും ഏഴും വയസ്സുള്ള ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് വൈകുന്നേരം 6.45-ഓടെ വീട്ടിലെത്തിയ കുട്ടികളുടെ പിതാവ്, മക്കൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തന്‍റെ ഭാര്യ കുട്ടികളെ ഉപദ്രവിച്ചതായി അദ്ദേഹം പൊലീസിൽ മൊഴി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ കിടപ്പുമുറിയിൽ കുട്ടികളുടെ മൃതദേഹങ്ങൾക്കൊപ്പം പ്രിയദർശിനിയെയും കണ്ടെത്തി. ജീവൻ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷകൾ നൽകിയെങ്കിലും കുട്ടികൾ മരണപ്പെട്ടിരുന്നു.

കൊലപാതക കുറ്റമാണ് പ്രിയദർശിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ മരണം എങ്ങനെയെന്നും എന്താണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
