ഹാലിഫാക്സ് : നോവസ്കോഷ പവറിന്‍റെ വൈദ്യുതി നിരക്ക് വർധനയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്താത്ത പ്രീമിയർ ടിം ഹ്യൂസ്റ്റണെതിരെ വിമർശിച്ച് എൻഡിപി. ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ 3.8% വർധനയും 2027 പുതുവത്സര ദിനത്തിൽ പ്രാബല്യത്തിൽ വരുന്ന മറ്റൊരു 4.1% വർധനയുമാണ് നോവസ്കോഷ പവർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷത്തെ സൈബർ ആക്രമണത്തിൽ യൂട്ടിലിറ്റിക്ക് ഉപയോക്താക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും നിരക്ക് വർധനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് പ്രീമിയർ ഹ്യൂസ്റ്റൺ വിട്ടുനിൽക്കുകയാണെന്നും എൻഡിപി ഹൗസ് ലീഡർ ലിസ ലാച്ചൻസ് ആരോപിക്കുന്നു. അതേസമയം വൈദ്യുതി നിരക്ക് വർധനയെ സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നും നിരക്ക് കുറയ്ക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂസ്റ്റൺ പറയുന്നു.
