ഓട്ടവ: ഒരു വർഷം നീണ്ട രഹസ്യാന്വേഷണത്തിനെ തുടർന്ന് ഓട്ടവ, ഗാറ്റിനോ മേഖലയിൽ സജീവമായിരുന്ന പ്രധാന മയക്കുമരുന്ന് സംഘത്തെ പോലീസ് പിടി കൂടി. സംഭവത്തിൽ ഗാറ്റിനോ സ്വദേശികളായ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 61 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തി. ജനുവരി 12-ന് നടന്ന പരിശോധനയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കേസിൽ ഉൾപ്പെട്ട മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. രണ്ടുലക്ഷം ഡോളറിൻ്റെ ലഹരി വസ്‌തുക്കളാണ് പോലീസ് പിടി കൂടിയത്. ഇതോടൊപ്പം ഇവ കടത്തുവാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും മൂന്ന് തോക്കുകളും കണ്ടെത്തി. 1.8 കിലോ കൊക്കെയ്ൻ, 470 ഗ്രാം ഫെന്റനൈൽ, കൂടാതെ നൂറുകണക്കിന് ഹൈഡ്രോമോർഫോൺ ഗുളികകളും പിടിച്ചെടുത്തു. ഓട്ടവ പോലീസ് സർവീസിനൊപ്പം (OPS), ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP), ഗാറ്റിനോ പോലീസ്, ടൊറന്റോ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.

മയക്കുമരുന്ന് വിൽപ്പന വലിയ ആഘാതമുണ്ടാക്കുകയാണെന്നും വലിയ തോതിൽ കുറ്റകൃത്യങ്ങളിലേക്ക് ലഹരി ഉപയോഗം നയിക്കുന്നുണ്ടെന്നും സ്റ്റാഫ് സർജന്റ് ജാമി മക്ഗാരി പറഞ്ഞു. ഇത്തരം കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടവയിലെ എട്ട് സ്ഥലങ്ങളിലും ഗാറ്റിനോയിലെ രണ്ട് കേന്ദ്രങ്ങളിലുമായിട്ടായിരുന്നു പരിശോധന. പിടിയിലാകാനുള്ള മൂന്ന് പേർക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
