എഡ്മിന്‍റൻ : മഞ്ഞു നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നഗരത്തിൽ ഇന്ന് രാത്രി റെസിഡൻഷ്യൽ പാർക്കിങ് നിരോധനം വീണ്ടും ആരംഭിക്കുമെന്ന് എഡ്മിന്‍റൻ സിറ്റി അറിയിച്ചു. വാരാന്ത്യത്തിൽ റെസിഡൻഷ്യൽ പാർക്കിങ് നിരോധനം താൽക്കാലികമായി നിർത്താൻ സിറ്റി ഉദ്ദേശിച്ചിരുന്നു. എന്നാൽ, സ്കൂൾ മേഖലകൾ അടക്കമുള്ള സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ മഞ്ഞും ഐസും നീക്കം ചെയ്യുന്നതിന് പാർക്കിങ് നിരോധനം അനിവാര്യമാണെന്ന് സിറ്റി അധികൃതർ പറയുന്നു.

ശനിയാഴ്ച വൈകുന്നേരം സിറ്റി ജീവനക്കാർ മഞ്ഞു നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയും അടുത്ത ആഴ്ച മുഴുവൻ 24 മണിക്കൂറും ജോലി ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ജനുവരി 19, 20, 21 തീയതികളിൽ മുമ്പ് നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിൽ മഞ്ഞു നീക്കം ചെയ്യൽ നടക്കും. അതേസമയം ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ ജോലി ആരംഭിക്കും. ജനുവരി 12 ന് ആരംഭിച്ച ഒന്നാം ഘട്ട പാർക്കിങ് നിരോധന സമയത്ത് റെസിഡൻഷ്യൽ റോഡിന്‍റെ 43% ഭാഗങ്ങളിലെയും മഞ്ഞു നീക്കം ചെയ്തതായി സിറ്റി അധികൃതർ പറയുന്നു.
