വാഷിങ്ടൺ ഡി സി : വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസ് നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10% തീരുവ ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫെബ്രുവരി മുതൽ ഇറക്കുമതി നികുതി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ താരിഫ് നേരിടേണ്ടിവരുമെന്നും അമേരിക്ക ഗ്രീൻലൻഡിനെ പൂർണ്ണമായി സ്വന്തമാക്കുന്നതിനുള്ള കരാർ നിലവിൽ വന്നില്ലെങ്കിൽ ജൂൺ 1 മുതൽ ഈ താരിഫ് 25 ശതമാനമായി ഉയരുമെന്നും ട്രംപ് പറഞ്ഞു. യുഎസിന്‍റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദ്വീപിനെ സ്വന്തമാക്കാൻ ട്രംപിന്‍റെ ശ്രമം.

ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിൽ ഒപ്പം നിന്നില്ലെങ്കിൽ, എതിർക്കുന്ന രാജ്യങ്ങള്‍ക്കുമേൽ തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ട്രംപിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനായി യുഎസ്, ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം നയതന്ത്ര ആയുധമായി ട്രംപ് മുൻപും താരിഫ് സമ്മർദം ഉപയോഗിച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ശിക്ഷാ നടപടികൾ ഏർപ്പെടുത്തുകയും, അടുത്തിടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
