ദോഹ: ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഖത്തറിലെ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്‌തതായും,
വരും വർഷത്തിൽ കാനഡ സന്ദർശിക്കാനായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ കാർണി ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ ഖത്തറുമായി പുതിയ വ്യാപാര പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

അമേരിക്ക പോലുള്ള പരമ്പരാഗത സഖ്യകക്ഷികൾക്ക് പുറമെ പുതിയ നിക്ഷേപ സാധ്യതകൾ തേടുക എന്ന ലിബറൽ ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗമായാണ് കാർണിയുടെ ഈ വിദേശ പര്യടനം. ചൈന സന്ദർശനത്തിന് പിന്നാലെ ഖത്തറിലെത്തിയ പ്രധാനമന്ത്രിയെ ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമെത്തിയ സായുധ സംഘം ഔദ്യോഗികമായി സ്വീകരിച്ചു. മന്ത്രിമാരായ മെലനി ജോളി, അനിത ആനന്ദ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദോഹയിലെ ചർച്ചകൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ ഒൻപത് ദിവസത്തെ വിദേശ പര്യടനം അവസാനിപ്പിക്കും
