മൺട്രിയോൾ : കെബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ടിന്റെ രാജിക്ക് പിന്നാലെ സജീവ രാഷ്ട്രീയം വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രി സോണിയ ലെബെലും. നിലവിലെ കാലാവധി അവസാനിക്കുന്നതോടെ താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇവർ ഔദ്യോഗികമായി അറിയിച്ചു. 35 വർഷത്തെ പൊതുസേവനത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളാലാണ് വിരമിക്കുന്നതെന്ന് സോണിയ ലെബെൽ വ്യക്തമാക്കി. തന്റെ കുട്ടികളുടെ വളർച്ചാഘട്ടത്തിൽ അവർക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് കെബെക്ക് മുനിസിപ്പൽ കാര്യ മന്ത്രി ജെനീവീവ് ഗിൽബോൾട്ട് കഴിഞ്ഞ ദിവസം രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളുടെ പിന്മാറ്റം ഭരണകക്ഷിയായ സിഎക്യു (CAQ) പാർട്ടിക്ക് വെല്ലുവിളിയാവുകയാണ്. ഫ്രാൻസ്വാ ലെഗോൾട്ടിന് പകരമായി പാർട്ടി നേതൃത്വത്തിലേക്ക് ഇവരുടെ പേരുകൾ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഇരുവരും അത് നിരസിച്ചു. നിലവിൽ ഇക്കണോമിക് മന്ത്രി ക്രിസ്റ്റീൻ ഫ്രെഷെറ്റ്, ജസ്റ്റിസ് മന്ത്രി സിമോൺ ജോളിൻ ബാറെറ്റ് ഉൾപ്പെടെയുള്ള മറ്റു പ്രമുഖരുടെ പേരുകളാണ് പുതിയ നേതൃസ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നത്.
