വൻകൂവർ : പ്രവിശ്യയിലെ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയുടെ അവകാശനിയമത്തിൽ (DRIPA) ഭേദഗതി വരുത്താൻ ഒരുങ്ങി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. അനുരഞ്ജന ചർച്ചകളിലും തദ്ദേശീയരുടെ ഭൂമി സംബന്ധമായ അവകാശങ്ങളിലും കോടതികൾ അമിതമായി ഇടപെടുന്നത് നിയന്ത്രിക്കാനാണ് നീക്കം. ഭരണകൂടങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങളിൽ കോടതികൾ തീരുമാനമെടുക്കുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പ്രിൻസ് ജോർജിൽ നടന്ന നാച്ചുറൽ റിസോഴ്‌സ് ഫോറത്തിൽ അദ്ദേഹം വ്യക്തമാക്കി.

Quw’utsun ഫസ്റ്റ് നേഷൻ ജനതയ്ക്ക് ഭൂമിയുടെ അവകാശം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് നിയമഭേദഗതി ചർച്ചയായത്. സ്വകാര്യ വ്യക്തികളുടെ വീടുകളും ബിസിനസ്സുകളും വിട്ടുവീഴ്ചാ വിഷയങ്ങളല്ലെന്നും ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുമെന്നും പ്രീമിയർ ഉറപ്പുനൽകി. നിയമം പൂർണ്ണമായും റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം തള്ളി. പകരം, കോടതി കയറാതെ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സുതാര്യമായ വഴി ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡേവിഡ് എബി കൂട്ടിച്ചേർത്തു.
