എഡ്മിന്റൻ : അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങിൽ നിന്ന് മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് പാർട്ടി. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്റാരിയോയിലെ കാർലെറ്റൺ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡാമിയൻ കുറെക് തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും 80 ശതമാനത്തിലധികം വോട്ട് നേടി പൊളിയേവ് വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൊളിയേവ് എവിടെ നിന്നാണ് ജനവിധി തേടുക എന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

അതേസമയം, ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങിൽ, മുൻപ് പ്രതിനിധീകരിച്ചിരുന്ന ഡാമിയൻ കുറെക് തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി അറിയിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ ദേശീയ സമിതി എടുത്ത പ്രത്യേക തീരുമാനപ്രകാരം ഔദ്യോഗിക നാമനിർദ്ദേശ നടപടികളില്ലാതെ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയിട്ടുണ്ട്. കാംറോസ്, ഡ്രംഹെല്ലർ തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന ഈ റൈഡിങ് കാലങ്ങളായി കൺസർവേറ്റീവ് പാർട്ടിയുടെ ശക്തമായ കോട്ടയാണ്. കഴിഞ്ഞ തവണ 214 സ്ഥാനാർത്ഥികൾ മത്സരിച്ചതിലൂടെ കനേഡിയൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട റൈഡിങ്ങായിരുന്നു ഇത്.
