സൂറിച്ച്: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ, ഗ്രീൻലൻഡ് സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്ന അവകാശ വാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആർട്ടിക് പ്രദേശം തന്ത്രപരമായി നിർണായകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുമ്പ് ഗ്രീൻലൻഡ് വിട്ടുകൊടുത്തത് മണ്ടത്തരമാണെന്നും ഡെൻമാർക്കിന് ദ്വീപിനെ സ്വന്തമായി പ്രതിരോധിക്കാൻ കഴിയില്ലെന്നും വാദിച്ചു. ലോകസമാധാനത്തിലും സുരക്ഷയിലും ഈ പ്രദേശം നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻലൻഡിനെ നിയന്ത്രിക്കാൻ താൻ ബലപ്രയോഗം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഗ്രീൻലൻഡിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സൈനിക, ലോജിസ്റ്റിക്കൽ ശേഷി അമേരിക്കയ്ക്ക് മാത്രമേയുള്ളൂവെന്നും സ്വിറ്റ്സർലൻഡിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയോട് ‘നോ’ പറയുന്നവരെ താൻ മറക്കില്ലെന്ന കർശനമായ മുന്നറിയിപ്പും അദ്ദേഹം നൽകി.

ട്രംപിന്റെ ഈ പരാമർശങ്ങൾ ആർട്ടിക് മേഖലയിലെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചു. ട്രംപിന്റെ തന്ത്രം സഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് നാറ്റോ നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, തന്ത്രപ്രധാനമായ ഈ ദ്വീപ് പ്രദേശത്ത് യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ഡെൻമാർക്കിലെയും ഗ്രീൻലാൻഡിലെയും നേതാക്കൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
