ഓട്ടവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷണ രംഗത്ത് കാനഡ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പ്രമുഖ എഐ ഇൻസ്റ്റിറ്റ്യൂട്ടുകൾ. ആഗോളതലത്തിൽ എഐ പ്രതിഭകൾക്കായി നടക്കുന്ന വലിയ മത്സരത്തിൽ കാനഡയുടെ നേതൃസ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് CIFAR, Mila, Vector, Amii തുടങ്ങിയ സ്ഥാപനങ്ങൾ വ്യക്തമാക്കി. പ്രമുഖ ഗവേഷകർക്ക് വിദേശ സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും വലിയ വാഗ്ദാനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള പ്രതിഭകളെ രാജ്യത്ത് നിലനിർത്താൻ അടിയന്തര നടപടികൾ വേണമെന്ന് അവർ ആവശ്യപ്പെടുന്നു.
ദേശീയ എഐ റിസർച്ച് ചെയർ പ്രോഗ്രാമിനുള്ള ഫണ്ട് 2026 മാർച്ച് 31-ഓടെ അവസാനിക്കാനിരിക്കുകയാണ്. ഇത് രാജ്യത്തെ മികച്ച ഗവേഷകരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനും തടസ്സമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഗൂഗിളിനും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിനും പിന്നിലായി ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മൂന്നാമത്തെ ഗവേഷണ ഗ്രൂപ്പാണ് കാനഡയിലേത്. വേണ്ടത്ര സാമ്പത്തിക സഹായമില്ലെങ്കിൽ ഇവരെല്ലാം വിദേശത്തേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി.

ഗവേഷണങ്ങൾ വാണിജ്യവൽക്കരിക്കുന്നതിലെ പോരായ്മകളും പ്രതിഭകൾ രാജ്യം വിടാൻ കാരണമാകുന്നുണ്ട്. അടുത്ത പത്ത് വർഷത്തേക്ക് 18.6 കോടി ഡോളറിന്റെ അധിക സഹായം ഉൾപ്പെടെ 43.4 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ എഐ നയം രൂപീകരിച്ചുവരികയാണെന്നും അതിനുശേഷം മാത്രമേ ഫണ്ട് സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
