Wednesday, March 4, 2026

പൂട്ടിക്കെട്ടാൻ വരട്ടെ! ടിക് ടോക്കിന് ആശ്വാസം; കാനഡയിൽ തുടരാൻ കോടതി അനുമതി

ഓട്ടവ: ടിക് ടോക്കിന്റെ കാനഡയിലെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ഫെഡറൽ കോടതി റദ്ദാക്കി. ഇതോടെ കമ്പനിയുടെ കാനഡയിലെ ഓഫീസുകൾക്ക് താൽക്കാലികമായി പ്രവർത്തനം തുടരാനാകും. 2024-ലാണ് ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ലിബറൽ സർക്കാർ ടിക് ടോക്കിനോട് കാനഡയിലെ പ്രവർത്തനങ്ങൾ നിർത്താൻ ഉത്തരവിട്ടത്. എന്നാൽ ആപ്പ് നിരോധിക്കാതെ ഓഫീസുകൾ മാത്രം പൂട്ടാനായിരുന്നു നിർദ്ദേശം. ബുധനാഴ്ച ഈ ഉത്തരവ് മരവിപ്പിച്ച കോടതി, വിഷയത്തിൽ പുതിയ പുനഃപരിശോധന നടത്താൻ വ്യവസായ മന്ത്രി മെലനി ജോളിയോട് ആവശ്യപ്പെട്ടു.

കോടതി വിധി സ്വാഗതാർഹമാണെന്ന് ടിക് ടോക്ക് കാനഡ വക്താവ് അറിയിച്ചു. കാനഡയിലെ ഓഫീസുകൾ പൂട്ടുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും പ്രാദേശിക കണ്ടന്റ് ക്രിയേറ്റർമാർക്കുള്ള പിന്തുണ കുറയ്ക്കുമെന്നും കമ്പനി വാദിച്ചു. സർക്കാരിന്റെ മുൻ ഉത്തരവിനെത്തുടർന്ന് ജൂനോ അവാർഡ്‌സ്, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രമുഖ കലാരംഗത്തെ പരിപാടികളുടെ സ്പോൺസർഷിപ്പിൽ നിന്ന് ടിക് ടോക്ക് പിന്മാറിയിരുന്നു. നിലവിൽ ടൊറന്റോയിലും വൻകൂവറിലുമുള്ള ഓഫീസുകൾ വഴി പ്രാദേശിക കലാകാരന്മാരെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്.

കാനഡയിൽ ഏകദേശം 1.4 കോടി ആളുകൾ ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കാനഡയിലെ ടീമിന് പ്രവർത്തനം തുടരാൻ സാധിക്കുന്നത് വഴി ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം രാജ്യത്ത് നിലനിർത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കോടതി നിർദ്ദേശിച്ച പുതിയ പുനഃപരിശോധനയുമായി സഹകരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. അതേസമയം, കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി മെലനി ജോളി ഇതുവരെ തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!